Thursday 3 May 2012

അധ്യാപകനും കിട്ടും അടി ...

തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ് 
രണ്ടു ദിവസം മുന്‍പാണ്‌ തിരുവനന്തപുരം യുണിവേഴ്സിറ്റി  കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അധ്യാപകനെ മര്‍ദ്ദിച്ചത്. കേട്ടവരൊക്കെ പറഞ്ഞു, യുണിവേഴ്സിറ്റി  കോളേജ് അല്ലെ? അവിടെ ഇതല്ല ഇതിനപ്പുറവും നടക്കും. പരീക്ഷക്ക് 'തുണ്ട്' വച്ചതിനാനത്രേ പാവം വിദ്യാര്‍ഥിയെ അധ്യാപകന്‍ പിടികൂടിയത്. കഷ്ടപ്പെട്ട് തുണ്ടും വെട്ടി ക്ലാസ്സില്‍ കേറി പരീക്ഷ എഴുതാമെന്ന് വച്ചാ സമ്മതിക്കുകേല. എന്തൊരു കാലമാണിത്! അതും supplementary പരീക്ഷ...!! കോളേജില്‍ ഗ്രാന്‍റ് വാങ്ങാനും, തല്ലു കൂടാനും, വിപ്ലവ പാര്‍ട്ടിയെയും മറ്റു മത-മതേതര വിദ്യാര്‍ഥി സംഘടനകളെയും ശക്തിപ്പെടുത്താനും മാത്രമല്ല ഇങ്ങനെയും കുറെ കാര്യങ്ങളും എന്നെപ്പോലെ ഇവിടുത്തെ പബുദ്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും എന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ആ 'പാവം' വിദ്യാര്‍ഥിയുടെ ഉദ്ദേശം. തകര്‍ത്തില്ലേ എല്ലാം...!! അപ്പൊപ്പിന്നെ തല്ലിയാല്‍ മാത്രം പോര, കൈപ്പത്തി വെട്ടിയാലും പോര, തല തന്നെ കഴുത്തില്‍ നിന്നും ചെത്തി കളയണം....

 
  'മാതാ പിതാ ഗുരുര്‍ ദൈവം'. അച്ഛനും അമ്മയ്ക്കും തുല്യം ദൈവസ്ഥാനീയനാണ് ഗുരു. അധ്യാപകനെ തല്ലുക പോയിട്ട് മുഖത്ത് നോക്കി മറുത്തൊരു വാക്ക് പോലും പറയാന്‍ ധൈര്യപ്പെടാത്തവരായിരുന്നു നമ്മുടെ കുട്ടികള്‍. ഭാരതത്തിന്റെ  പാരമ്പര്യം അനുശാസിക്കുന്ന സദ്ഗുണം... അത്തരം ഒരു ചെയ്തി ഒരു പക്ഷെ വലിയൊരു ശാപത്തിലേക്ക് തന്നെയും, വരും തലമുറയെയും കൊണ്ടെതിക്കുമെന്നു അവന്‍ വിശ്വസിച്ചിരുന്നു.  പക്ഷെ ഇപ്പൊ കാലം മാറി, കഥ മാറി. പവിത്രമായ സ്ഥാനങ്ങള്‍ക്ക് പതിരിന്റെ വിലയായി. അച്ഛനാകട്ടെ, അമ്മയാകട്ടെ ഗുരുവാകട്ടെ എല്ലാം ഇപ്പൊ വെറും പദവികള്‍ മാത്രം. തലമുറകള്‍ മാറിയപ്പോള്‍ സമൂഹത്തില്‍ അടിയുറച്ചിരുന്ന സദ്‌-വിശ്വാസങ്ങള്‍ക്കും കോട്ടം തട്ടി. ഗുരുവും അച്ഛനും വിദ്യാര്‍ഥിയുമൊക്കെ സ്വന്തം നില മറന്നു. അമേരിക്ക പോലെയുള്ള വിദേശ രാജ്യങ്ങളില്‍ സദാചാര ബോധമെന്ന 'സൂപ്പര്‍ ഈഗോ' ചരട് പൊട്ടിയ പട്ടമായി. ഗുരുവിനെയും സഹപാഠിയെയും കൊല്ലാന്‍ തോക്കും കത്തിയുമായി നടപ്പ് തുടങ്ങി. ഭാരതത്തിലാകട്ടെ ഇതിന്റെയൊക്കെ പ്രതിഫലനമെന്നോണം അങ്ങുമിങ്ങും സമാനതകളുള്ള പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. അച്ഛനെ കൊല്ലുന്ന മകന്‍, അമ്മയെ തല്ലുന്ന മകള്‍,  സ്വന്തം മകളെ ബലാല്‍ക്കാരം ചെയ്യുന്ന പിതാവ്, ഭര്‍ത്താവിനെ കാമുകന്റെ കൊലക്കത്തിക്ക് ഇരയായിട്ടു കൊടുക്കുന്ന പത്നി, ഗുരുവിനെ തല്ലുന്ന അരുമ ശിഷ്യന്‍... പട്ടിക നീണ്ടു നീണ്ടു പോകുകയാണ്...

  സാമൂഹികപരമായ എല്ലാ വൈകല്യങ്ങളെയും കുറിച്ച്  വിചിന്തനം ചെയ്യാന്‍ കാലങ്ങളെടുക്കും. പക്ഷെ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ മുളപൊട്ടി തഴച്ചു വളര്‍ന്നു തുടങ്ങിയ അനാശാസ്യ പ്രവണതകള്‍ ഇല്ലാതാക്കുവാന്‍ നാം ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രൈമറി തലം മുതലോ അതിനു മുന്‍പോ ഇപ്പോള്‍ നില നില്‍ക്കുന്ന മത്സര ബുദ്ധിയും പണക്കൊഴുപ്പിന്റെ പ്രകടനങ്ങളും ഇങ്ങു ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വരെ എത്തിനില്‍ക്കുന്നു.  ഒരു കാലത്ത് ബിരുദ പഠനത്തിനു എല്ലാവരും തന്നെ സാഹിത്യവും, ശാസ്ത്ര വിഷയങ്ങളും തിരഞ്ഞെടുത്തിരുന്ന സ്ഥാനത്ത് ഇപ്പൊ എഞ്ചിനീയറിംങ്ങിന്റെയും മെഡിസിന്റെയും  ശാഖകള്‍ക്ക് ആണ് പ്രാമുഖ്യം.  പണമുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മെഡിസിനും എഞ്ചിനീയറിംഗ്-ന്ഉം പഠിക്കുമ്പോ ബാക്കി  വരുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ എത്തിപ്പെടുന്ന ഒരിടമായി ഇന്നത്തെ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ മാറിയിരിക്കുന്നു. അവിടെ തന്നെ വിഷയത്തോടുള്ള ആഭിമുഖ്യം കൊണ്ട് എത്തി ചേരുന്നവര്‍ തുലോം കുറവാണു. മറിച്ച് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മറ്റു വഴിയോന്നുമില്ലാത്തത് കൊണ്ട് എത്തിപ്പെടുന്നവര്‍ ആണ് . അതില്‍ തന്നെ ഒരു കൂട്ടം സര്‍ക്കാരില്‍ നിന്നും മറ്റും ലഭിച്ചേക്കാവുന്ന ഗ്രാന്റ് മുന്നില്‍ കണ്ടു വരുന്നവരാണ്. ഇങ്ങനെ കിട്ടുന്ന ഗ്രാന്റില്‍ 75 %-വും ധൂര്‍ത്തടിച്ച് കളയുന്നു എന്നതാണ് വാസ്തവം. പിന്നൊരു കൂട്ടര്‍ക്ക്  രാഷ്ട്രീയത്തിലെത്തിപ്പെടാനും  പാര്‍ട്ടി പ്രവര്‍ത്തനം നടത്തി മറ്റുള്ളവരുടെ മേല്‍ കുതിര കേരനുമാണ് താല്പര്യം. തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ് അത്തരമൊരു 'plot ' ആണ് . ഇത് ഇന്നും ഇന്നലയും തുടങ്ങിയതല്ല. വര്‍ഷങ്ങളുടെ 'പാരമ്പര്യം' ഉണ്ടതിന്. എന്ത് തോന്ന്യവാസം കാണിച്ചാലും പിന്നില്‍ നിന്ന് താങ്ങാന്‍ രാഷ്ട്രീയക്കാര്‍ തന്നെ മുന്നിട്ടിറങ്ങുമ്പോള്‍ ആരെ പേടിക്കാന്‍. അധ്യാപകനെയോ, പ്രിന്സിപ്പളിനെയോ  വേണമെങ്കില്‍   വി. സി. യെ വരെയോ തല്ലും. ചിലപ്പോ കൊല്ലും. ആര്  ചോദിയ്ക്കാന്‍. നാട്ടുകാരൊക്കെ ഇത് അടുത്ത നിമിഷം മറക്കും. അത്രയേയുള്ളൂ കാര്യം..

  പഠനം ഗൌരവതരമായി കാണുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളെയാണ്  ഇതൊക്കെ പ്രതികൂലമായി ബാധിക്കുക.  അവര്‍ ഒരിക്കലും ഇത്തരം നീതികേടുകള്‍ ആഗ്രഹിക്കില്ല. പക്ഷെ എന്ത് ഫലം? ഏവരുടെയും വായ തുന്നിക്കെട്ടിക്കൊണ്ടാകും ഇത്തരം പ്രതിലോമ ശക്തികളുടെ വിഹാരം. സത്യത്തില്‍ വലിയൊരു മാറ്റം  തന്നെ വിദ്യാഭ്യാസ മേഖല ആഗ്രഹിക്കുന്നു. അഭിരുചിയും താല്‍പര്യവും ഉള്ളവര്‍ക്ക്  ഉല്‍കൃഷ്ടമായ വിദ്യാഭ്യാസം നല്‍കുക എന്നതാകണം സര്‍ക്കാരിന്റെ ലക്‌ഷ്യം. വിദ്യാഭ്യാസത്തെ തുരങ്കം വയ്ക്കുന്ന രീതിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ശക്തമായി അടിച്ചമര്‍ത്തണം ( ഹെല്‍മെറ്റ്‌ വേട്ടക്ക് നല്‍കുന്ന ശുഷ്ക്കാന്തി ഇവിടെയും ആകാം, അത് കൂടുതല്‍ ഫലം ചെയ്യും.) അധ്യാപര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട   'protection' അധികാരികള്‍ തന്നെ നല്‍കണം. ഇവര്‍ക്കെതിരെ ഉണ്ടാകുന്ന ഇത് തരത്തിലുള്ള അതിക്രമങ്ങളും നിയമപരമായി തന്നെ നേരിടണം. ഇരുകൂട്ടര്‍ക്കും സമൂഹ നിര്‍മ്മാണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന പങ്കുണ്ട് എന്നത് നിസ്തര്‍ക്കമാണ്. അത് കൊണ്ട് തന്നെ ഭാവി തലമുറയെങ്കിലും മാതൃകാപരമായി വളര്‍ന്നു വരണം. അതിനു വേണ്ടി സമൂഹത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഒരേപോലെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. അങ്ങനെയെങ്കില്‍ മാത്രമേ അധ്യാപകനെ തല്ലുന്ന, സഹപാഠിയെ കൊല്ലുന്ന വിദ്യാര്‍ഥികള്‍ മേലില്‍ ഉണ്ടാകതിരിക്കൂ...


Sunday 22 April 2012

CPIM -നെ തകര്‍ക്കാന്‍ SFI -യും??!

      ഒരു വിദ്യാര്‍ത്ഥി സംഘടന അതിന്റെ മാതൃ പാര്‍ടിയില്‍ വളരെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. കാരണം വളര്‍ന്നു വരുന്ന അഭ്യസ്തവിദ്യരായ യുവാക്കളാണ് പിന്നീട് പാര്‍ടിയെ നയിക്കേണ്ടി വരിക. പക്ഷെ SFI പോലുള്ള പല  സംഘടനകളും മാതൃസംഘടനയുടെ നിലനില്‍പ്പിനെത്തന്നെ തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. അതിനു ഏറ്റവും നല്ല ഉദാഹരണം തിരുവനന്തപുരം യുണിവേഴ്സിടി കോളേജിലെ SFI-യുടെ പ്രവര്‍ത്തനങ്ങളാണ്. യുണിവേഴ്സിടി കോളേജില്‍ മാത്രമല്ല, SFI അധികാരത്തിലിരിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടര്‍ന്ന് പോകുന്നത് വെറുക്കപ്പെട്ട, കാലഹരണപ്പെട്ട ഫാസിസ്റ്റ് നിലപാടുകളാണ്. സ്വയം പ്രഖ്യാപിക്കുന്ന നിയമാവലികള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോഴും, എല്ലാ സംഘടനകള്‍ക്കും യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ സാഹചര്യങ്ങള്‍ കൊടുക്കുന്നുണ്ട് എന്ന് പറയുമ്പോഴും മറിച്ചാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് എല്ലാവര്‍ക്കുമറിയാം. അധികാരത്തിന്റെ ലഹരിയും സ്വാതന്ത്ര്യവും ഇതൊരു പാര്‍ടിയെയും പോലെ SFI-യെയും മത്ത് പിടിപ്പിക്കുന്നു.

         ഇക്കാലത്ത് ഏറ്റവും കരുതലോടെ സമീപിക്കേണ്ടത് അപരനോടുള്ള പെരുമാറ്റമാണ്. SFI മറ്റു വിദ്യാര്‍ത്ഥികളോട് എങ്ങനെ ഇടപെടുന്നു എന്നുള്ളത് വളരെ ഗൌരവതരമായി വീക്ഷിക്കേണ്ട കാര്യമാണ്. ഇവിടെയും വാക്കും പ്രവര്‍ത്തിയും വേറെ. 'വിദ്യാര്‍ത്ഥികളോട് സൌഹൃദപരമായ സമീപനം' എന്ന് വലിയ വായില്‍ പ്രസംഗിച്ചു നാവകത്തിടുമ്പോഴേക്കും അതിന്റെ നേരെ വിപരീതം പ്രവര്‍ത്തിച്ചിരിക്കും. സഹപാറികളോട് പോലും പരുക്കമായ പെരുമാറ്റം, സമരം വിളിക്കാനും, സമ്മേളനങ്ങള്‍ക്കും ചെന്നില്ലെങ്കില്‍ അസഭ്യവര്‍ഷം, ആവശ്യമെങ്കില്‍ ബലപ്രയോഗം, ഇഷ്ടമില്ലാത്ത ആള്‍ക്കാരെ പരസ്യമായി അപമാനിക്കല്‍ തുടങ്ങി വെളിപ്പെടുത്തനാകാത്തത്ര ഒട്ടേറെ നീച പ്രവര്‍ത്തികള്‍... ഒരു കാര്യത്തില്‍ SFI വാക്ക് പാലിക്കുന്നുണ്ട്! സ്ത്രീ സ്വാതന്ത്ര്യം. നേതൃ നിരയില്‍ നിന്ന് അസഭ്യം പറയാനും, ആവശ്യമെങ്കില്‍ ബല പ്രയോഗത്തിനും ഉരുക്ക് വനിതകളെന്നു സ്വയം വിശേഷിപ്പിക്കുന്ന 'വനിതാ രത്ന'ങ്ങളുണ്ട്.  (അവരുടെ ഉരുക്ക് ശക്തി പ്രയോഗിക്കുന്നത് മിണ്ടാ പ്രാണികളുടെ നെഞ്ചത്താണെന്ന് മാത്രം.) അവര്‍ക്ക് എന്തായാലും ആവശ്യത്തിലധികം സ്വാതന്ത്ര്യം പാര്‍ട്ടിയിലുണ്ട്....വീട്ടില്‍ നിന്ന് പോലും ഇത്ര സ്വാതന്ത്ര്യം അവര്‍ക്ക് കിട്ടിയിട്ടുണ്ടാകില്ല (അതിന്റെ കുറവ് അവര്‍ കോളേജിലും മറ്റു പലയിടങ്ങളിലുമായി കറങ്ങിയും പരിഹരിക്കുന്നുണ്ട്.) 

            സത്യത്തില്‍ ഒരു വിദ്യാര്‍ത്ഥിസംഘടനെയും നിയന്ത്രിക്കാന്‍ ഗവണ്മെന്റിനാകില്ല. കാരണം ഒന്നുകില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടിക്ക് വേണ്ടി അടി കൊള്ളാനും, ചോരയോലിപ്പിക്കാനും നടക്കുന്ന അവരുടെ   പോന്നോമനകളാകും കൂട്ടത്തില്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും ദേശീയ പാര്‍ട്ടിയുടെ വാലാട്ടി കൂട്ടങ്ങളും.. എങ്ങനെയായിരുന്നാലും അവര്‍ക്കെതിരെ ഒരു ചെറു വിരലനക്കിയാല്‍ പോലും ക്ഷണത്തില്‍ തന്നെ തിരിച്ചടി കിട്ടും. സത്യത്തില്‍ ഇങ്ങനെ അടികൊള്ളുന്നവരില്‍ ഭൂരിഭാഗം പേരും 'അണി'കളായിരിക്കും. പഠിക്കാന്‍ വേണ്ടി കോളേജില്‍ വരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കാണാനും അനുഭവിക്കാനും കഴിയാത്തത്ര സുഖ സൌകര്യങ്ങളാണ് ഇവര്‍ക്ക് കിട്ടുന്നത്. മുന്തിയ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം, അന്തിയുക്കത്തിനു സ്റ്റാര്‍ ഫെസിലിറ്റികളുള്ള താമസ  സൗകര്യം, പണം പിന്നെ മറ്റു പലതും... ഇത്രയൊക്കെ പോരെ കുട്ടി സഖാക്കളുടെയും മറ്റും ഉശിര് കൂടാന്‍, രക്തം തിളക്കാന്‍, മറ്റുള്ളവരുടെ മേല്‍ കുതിര കയറാനുള്ള കരുത്ത് ലഭിക്കാന്‍....

വിദ്യാര്‍ഥികള്‍ പലപ്പോഴും രാഷ്ട്രീയക്കാരുടെ ചട്ടുകമാകുകയാണ് ചെയ്യുന്നത്
      പ്രത്യക്ഷമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് കാണിക്കാനായി കുറെ സിന്താബാദ്‌ വിളികള്‍, ഘരാവോ, കുത്തിയിരുപ്പ് സമരം... എല്ലാം കഴിഞ്ഞു എന്തിനാണോ നിലവിളിച്ചത് അക്കാര്യം നേടിയോ എന്ന് പോലും നോക്കാതെ പിന്തിരിഞ്ഞു നടക്കും. സ്വന്തം ഭാവിയേയോ 'കിടപ്പി'നെയോ ബാധിക്കുന്ന കാര്യമാണെങ്കില്‍ പിന്നെ അനസ്യൂതം സിന്താബാദ്‌ വിളിക്കും. അത് ചിലപ്പോ ഗ്രാന്റ് കിട്ടാന്‍ വേണ്ടിയാകും, ഹോസ്റ്റല്‍ തകര്‍ന്നത് കൊണ്ടാകും, നല്ല ഭക്ഷണം ഫ്രീയായി കിട്ടാത്തതുകൊണ്ടാകും... ഇതൊക്കെ പൊതുവായ ചില പ്രശ്നങ്ങളാണല്ലോ. അത് അവരെയും ബാധിക്കും അപ്പൊ പിന്നെ കിട്ടിയ  അവസരം പാഴാക്കണോ???  പലപ്പോഴും വിദ്യാര്‍ത്ഥികളുടെ ഭാവിക്കും, ജീവനും തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ് SFI എന്ന സംഘടന. 
      ഇതേ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പാര്‍ടി മെമ്പര്‍ഷിപ്പിലേക്കുംപിന്നീട് ജന നേതാക്കന്മാരയും ഉയര്‍ന്നു വരുന്നത്. നിസ്സഹായരായ വിദ്യാര്‍ത്ഥികളോട് കാണിച്ച അതേ ധാര്‍ഷ്ട്യം പോതുജനതോടും സാധാരണക്കാരനായ പാര്‍ടി പ്രവത്തകനോടും കാണിക്കാന്‍ ശ്രമിക്കും. ആ ധിക്കാരപരമായ സമീപനം തന്നെ പാര്‍ടിയുടെ തകര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. ഇപ്പോള്‍ CPIM ന്റെ തകര്‍ച്ചക്ക് മുഖ്യ കാരണവും അത് തന്നെ. വിദ്യാര്‍ത്ഥികളെ നേരത്തെ തന്നെ പാര്‍ടിയില്‍ നിന്നകറ്റി മറ്റു സംഘടനകളിലേക്ക് അയക്കുന്നതില്‍ SFI യും മുകളില്‍ സൂചിപ്പിച്ച പോലെ അശ്രാന്തം പരിശ്രമിക്കുന്നു! രസകരവും ദൌര്‍ഭാഗ്യകരവുമായ ഒരു വസ്തുത ഇതൊന്നും SFIയും, പാര്‍ടി നേതാക്കളും സമ്മതിക്കില്ല എന്നതാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള ഒരു സഖാവ് ഇത്തരമോരവസ്ഥ ചൂണ്ടിക്കട്ടിയാലും അവര്‍ പറയും "അങ്ങനൊന്നും തകരുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്". അപ്പൊ പറഞ്ഞ അളാരായി, അവന്‍ പാര്‍ട്ടി പ്രവര്‍ത്തകനേ അല്ല എന്നായി.... വിശ്വാസം നല്ലതാണു. പക്ഷെ പാര്‍ടിക്ക് സംഭവിക്കുന്ന അപചയം തിരിച്ചറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതാണ് ഏറ്റവും ദൌര്‍ഭാഗ്യകരം.

      സിപിഎം ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് വ്യക്തമായ ഒരു കാരണം SFI ആണ്. SFIയുടെ ഓരോ പ്രവര്‍ത്തിയും സിപിഎം-ന്റെ വപ്പെട്ടിക്കു മേല്‍ തറക്കുന്ന  ആണിളാകുകയാണിപ്പോള്‍. 'സ്വാതന്ത്ര്യം-ജനാധിപത്യം-സോഷ്യലിസം' എന്നുറക്കെ പറയുമ്പോഴും, ഇപ്പറഞ്ഞവ എല്ലായ്പ്പോഴും സ്വന്തം നിലനില്‍പ്പിനും, കാര്യസാധ്യത്തിനും വേണ്ടി ഉപയോഗിക്കുകയാണ് SFI  ചെയ്യുന്നത്. CPIM  നേരിട്ടുകൊണ്ടിരിക്കുന്ന അപചയങ്ങള്‍ക്കു SFI യുടെ പങ്ക് പലപ്പോഴും ചര്‍ച്ച വിഷയം ആകാറില്ല എന്നതാണ് സത്യം. കൊലപാതക രാഷ്ട്രീയത്തിന് പെരുമായെറുന്ന ഈ കാലത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു വളര്‍ന്നു വന്ന SFI  പോലുള്ള ഒരു സംഘടനയെ നിയന്ത്രിക്കേണ്ടത്  അത്യാവശ്യമാണ്. ഇവിടെ ഒരു സംഘടനയെ മാത്രം പഴിച്ചത് കൊണ്ട് കാര്യമില്ല. രാഷ്ട്രീയ സംഘടനകള്‍ സ്വതാല്പര്യങ്ങള്‍ നേടാന്‍ വേണ്ടി പടച്ചു വിട്ടിരിക്കുന്ന എല്ലാ വിദ്യാര്‍ഥി സംഘടനകളെയും നിലക്ക് നിര്‍ത്തണം. അത് അധികാരികള്‍ ചെയ്തില്ലെങ്കില്‍ പൊതുജനം ചെയ്യും. അടുത്ത കാലത്ത് ഒരു എഴുത്ത് പരീക്ഷ തടയാനെത്തിയ ഒരു ജാതി സംഘടനയെ നാട്ടുകാര്‍ പെരുമാറിയ പോലെ.CPIM  ന്റെ സ്വയം തിരുത്തല്‍ രാഷ്ട്രീയം എങ്ങും എത്താന്‍ പോകുന്നില്ല. യഥാര്‍ത്ഥ വസ്തുതകള്‍ തിരിച്ചറിയുവാനും ജനതല്പര്യം മാനിക്കുവാനും ഘടക സംഘടനകളെ നിലക്ക് നിര്‍ത്താനും സാധിച്ചില്ലെങ്കില്‍ CPIM  വലിയൊരു അപകടത്തിലേക്കണ് ചെന്ന് ചാടുന്നത്. സംഘടനയുടെ നന്മക്കു വേണ്ടി ഒരു സാധാരണക്കാരന്‍ പറയുന്ന വാക്കുകള്‍ക്ക് വരെ കാതു കൊടുക്കേണ്ടിയിരിക്കുന്നു.... നേതൃത്വത്തിലിരിക്കുന്ന വരുടെ ധാര്‍ഷ്ട്യം ഒരിക്കലും സാധാരണക്കാരന്റെ മേല്‍ കാട്ടരുത്. അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  മാത്രമേ ഇതൊരു പാര്‍ട്ടിയും നിലനിന്നു പോകു. പാര്‍ട്ടിയെ രക്ഷിക്കാന്‍  CPIM എന്തൊക്കെ സമര തന്ത്രങ്ങളാണ് ഇനി പ്രയോഗിക്കുക എന്നു കാത്തിരുന്ന് കാണണം...